Friday, October 9, 2015


(ചിത്രം കടപ്പാട്: ഗൂഗള്‍ )
സാന്ത്വനം

ജീവിതം ,
എത്രയൊക്കെ വിശദീകരിച്ചാലും
അതിരുകള്‍ കവിയുന്ന
അനന്തതയുടെ അപാരതയെന്നു ഞാന്‍
തേങ്ങാക്കുലയെന്നവള്‍

പ്രണയം ,
അബോര്‍ഷന്‍ ടേബിളില്‍
മലര്‍ന്ന് കിടക്കുന്ന പെണ്ണിന്റെ
മുഖത്തെ മരവിപ്പെന്നു ഞാന്‍
മണ്ണാങ്കട്ടയെന്നവള്‍

ഹൃദയം,
ഓരോ മിടിപ്പിലും
ഞരമ്പുകളുടെ അഴിയാക്കുരുക്കിലെക്ക്
രക്തമോടിക്കുന്ന വെറുമൊരു സ്വാര്‍ത്ഥ -
സ്പന്ദനമെന്ന് ഞാന്‍
അതാണു ജീവനെന്നവള്‍.

എല്ലാം പറഞ്ഞ് കഴിഞ്ഞല്ലോ
നിനക്കൊന്നും പറയാനില്ലേ
ഇനിയെന്തെന്നു ഞാന്‍,
അല്പമടുത്തേക്ക് കിടക്കൂ
സുഖമായുറങ്ങാമെന്നവള്‍.

Saturday, April 28, 2012

അരുത്..



നിന്റെ മൃത ചിന്തയാല്‍
അഴുകിയ തടാകത്തില്‍
ജല രേഖകള്‍ വരച്ച്
ആഹ്ലാദിക്കാന്‍ വരട്ടെ,
അവിടെ നീ വരച്ചതെല്ലാം
നിനക്കു മാത്രം കാണാവുന്ന
നൈമിഷിക രൂപങ്ങളാവാം.

ഓര്‍ത്തിങ്ങനെ ചിരിക്കാനും
കോള്‍ മയിര്‍ കൊള്ളാനും
ശുന്ന്യമാം വെളുത്ത ചുവരില്‍
കരിക്കട്ട കൊണ്ടെഴുതുന്ന വിഡ്ഡീ,
അതെല്ലാം എല്ലാം
വെളിച്ചത്തില്‍ മാത്രം
കാണാവുന്ന നിന്റെ തന്നെ
കറുത്ത ചിന്തകളുമാവാം.


പകരം ,
നിനക്കു ഞാനെന്റെ
വെളുത്ത അക്ഷരങ്ങള്‍ തരാം
ഏതിരുട്ടിലും തീളങ്ങാന്‍
മനസ്സിന്റെ കറുത്ത ചുവരുകളില്‍
അതുകോണ്ടെഴുതി നോക്കൂ.!!!